മത്തി പൊള്ളിച്ചത്
ഒരു കിടിലന്‍ സാധനവും ആയി ആണ് എന്റെ ഇന്നത്തെ വരവ്... എന്താന്നറിയുവോ .... മത്തി പൊള്ളിച്ചത് ... :) കരിമീന്‍ പൊള്ളിച്ചത് നമ്മള് കുറെ കഴിച്ചിട്ടുണ്ടാവും .. ചിലപ്പോ ഇതും കഴിച്ചിട്ടുള്ളവര്‍ കാണും .. മത്തി ആവുമ്പോ നമുക്ക് ഈസി ആയി ലഭിക്കുന്ന സാധനം ആണ്..മാത്രമല്ല ..നല്ല ഗുണം ഉള്ള മീനും ആണ്.. പൊള്ളിച്ചത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് മസാല ഒക്കെ പൊതിഞ്ഞു വാഴ ഇലയില്‍ ഇരിക്കുന്ന മീന്‍ ആണ് അല്ലെ ... ഇതും അങ്ങനെ ഒക്കെ തന്നെ ആണ്.. ഇതിനു വേണ്ടുന്ന ചേരുവകള്‍ എന്തൊക്കെ ആണെന്ന് നോക്കാം ..
ഒരു 6 വലിയ മത്തി വൃത്തിയാക്കിയത്
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒന്നര സ്പൂണ്‍
മുളക് പൊടി, കുരുമുളക് പൊടി 2 സ്പൂണ്‍
മഞ്ഞള്‍ പൊടി അര സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് 3 എണ്ണം
തക്കാളി 1 എണ്ണം
കട്ടിയുള്ള തേങ്ങാ പാല് അര കപ്പ്
ഉപ്പു ആവശ്യത്തിനു
വാഴയില
ആദ്യം തന്നെ മത്തി വൃത്തിയാക്കിയത് കത്തി കൊണ്ട് വരയുക . മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി എന്നിവ കുറച്ചു വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി അല്പം ഉപ്പും ചേര്‍ത്ത് അത് മീന്‍ കഷണങ്ങളില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം ഈ മീന്‍ എല്ലാം കുറച്ചു എണ്ണയില്‍ വറുക്കുക . വറുക്കുമ്പോള്‍ രണ്ടു തണ്ട് കറിവേപ്പില ഇതില്‍ ചേര്‍ക്കുക... മീന്‍ ന്റെ ഇരു വശവും ഒന്ന് മൊരിഞ്ഞാല്‍ മതി.. ഡീപ്ഫ്രൈ ചെയ്യേണ്ട ആവശ്യം ഇല്ല. മീന്‍ കഷണങ്ങള്‍ എടുത്തു മാറ്റിവെക്കുക. ഇതിനു ശേഷം ചീന ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക.അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല് സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ക്കുക.ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ചു അതും ചേര്‍ക്കുക.നന്നായി യോജിപ്പിച്ചുകഴിയുമ്പോള്‍ തേങ്ങാ പാല് ചേര്‍ത്ത് ഇളക്കുക.നന്നായി ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുക.കട്ടി ഉള്ള തേങ്ങാ പാല് ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഇല്ലെങ്കില്‍ വെള്ളം കൂടുതല്‍ ഉള്ള ഗ്രേവി ആയി പോകും. ഇനി വാഴ ഇല തീയുടെ മുകളില്‍ വെച്ച് വാട്ടി എടുത്ത്, അതില്‍ ഒരു സ്പൂണ്‍ ഈ മസാല വെച്ച് അതിന്റെമുകളില്‍ രണ്ടു മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില ഇതിന്റെ മുകളില്‍ ഇടുക. ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി ഇത് പോലെ തയാറാക്കിയ മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക. ചൂടോടെ കഴിക്കുക .